കുറ്റ്യാടി: (kuttiadi.truevisionnews.com) ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി. ഉത്സവത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന ചടങ്ങുകളും കലാപരിപാടികളുമാണ് ക്ഷേത്രമുറ്റത്ത് ഒരുക്കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 3 മണി മുതൽ ഇളനീർ, തോട്ടി, ആയുധം വരവുകൾ നടക്കും. തുടർന്ന് 4:30-ന് തിരുവുട സമർപ്പണവും നിവേദ്യ സമർപ്പണവും നടക്കും. 6 മണിക്ക് വെള്ളോലിപ്പിൽ പരദേവത ക്ഷേത്രത്തിൽ നിന്നും കുളിച്ചെഴുന്നള്ളത്ത് ഘോഷയാത്ര ആരംഭിക്കും. പട്ടാമ്പി ഉദയം കലാസമിതി അവതരിപ്പിക്കുന്ന വാദ്യതാള നാടൻ കലാരൂപങ്ങൾ, പോപ്പർ ബ്ലാസ്റ്റിംഗ്, സർഗക്ഷേത്രയുടെ ഡിജിറ്റൽ വെസ്റ്റേൺ ഡാൻസ് എന്നിവ ഉത്സവത്തിന് മാറ്റുകൂട്ടും. അന്നദാനത്തിന് ശേഷം പരദേവത, ഭഗവതി പൊന്നരിമാല, ഭഗവതി തീയരിമാല, ഗുളികൻ, വസൂരിമാല ഭഗവതി വെള്ളാട്ടുകൾ അരങ്ങേറും. രാത്രിയോടെ ഗുളികൻ, പരദേവത, ശാക്താണ്ഡൻ, പന്തം കെട്ടി തീയരിമാല തിറകൾ എന്നിവ നടക്കും.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് താലപ്പൊലി തിറയും 10 മണിക്ക് വസൂരിമാല, ഭഗവതി തിറ, ഗുരുതി, വാളകം കൂട്ടൽ, അന്നദാനം എന്നിവയോടെയും ഉത്സവം സമാപിക്കും.
Thira festival begins at Bhagavathy temple in Korothchal, Nittoor, flag hoisting ceremony takes place















































