#Latest News #Kuttiadi #LSS Exam #Exam Result Controversy #Revaluation
കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ മൂല്യനിർണയ പിഴവ് മൂലം അർഹമായ വിജയം നിഷേധിക്കപ്പെട്ട വിദ്യാർത്ഥിക്ക് പുനർനിർണയത്തിലൂടെ നീതി. ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥിനി ആദി കൃഷ്ണയാണ് ഈ ദുരനുഭവത്തിന് ശേഷം സ്കോളർഷിപ്പ് സ്വന്തമാക്കിയത്.
2025-26 അധ്യയന വർഷത്തിലെ എൽ.എസ്.എസ് പരീക്ഷയുടെ ആദ്യ ഫലപ്രഖ്യാപനത്തിൽ 44 മാർക്ക് മാത്രമാണ് ആദികൃഷ്ണയ്ക്ക് ലഭിച്ചിരുന്നത്. സ്കോളർഷിപ്പിന് അർഹത നേടാൻ 48 മാർക്ക് ആവശ്യമായിരിക്കെ, കുട്ടി പരാജയപ്പെട്ടുവെന്നായിരുന്നു ഫലം.
പരീക്ഷ നന്നായി എഴുതിയ ആത്മവിശ്വാസത്തിൽ വിജയിക്കുമെന്ന് അധ്യാപകരോടും രക്ഷിതാക്കളോടും ആദികൃഷ്ണ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സഹപാഠികൾക്കെല്ലാം സ്കോളർഷിപ്പ് ലഭിക്കുകയും താൻ മാത്രം പരാജയപ്പെടുകയും ചെയ്തതോടെ കുട്ടി കടുത്ത മാനസിക പ്രയാസത്തിലായിരുന്നു.
തുടർന്ന് നടത്തിയ പുനർനിർണയത്തിലാണ് വലിയ അട്ടിമറി സംഭവിച്ചത്. കുട്ടിയുടെ മാർക്കിൽ പത്ത് മാർക്കിന്റെ വർധനവ് ഉണ്ടാവുകയും ആകെ 54 മാർക്കോടെ സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്തു.



സാധാരണയായി ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസമാണ് പുനർനിർണയത്തിൽ ഉണ്ടാകാറുള്ളത്. പത്ത് മാർക്കിന്റെ വർധനവ് വന്നത് മൂല്യനിർണയം നടത്തിയ അദ്ധ്യാപകരുടെ ഗുരുതരമായ അനാസ്ഥയിലേക്കും വീഴ്ചയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
ആദ്യ മൂല്യനിർണയത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഈ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. മാർക്ക് രേഖപ്പെടുത്തിയതിലും ഉത്തരക്കടലാസ് പരിശോധിച്ചതിലും ഗുരുതരമായ പിഴവ് സംഭവിച്ചതായി രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
Content Highlight: LSS exam results, evaluation error, Kuttiyadi, educational negligence
#Latest News #Kuttiadi #LSS Exam #Exam Result Controversy #Revaluation














































