#Latest News #Kuttyadi liquor seizure #Liquor smuggling scooter
കുറ്റ്യാടി: (kuttiadi.truevisionnews.com) കൈവേലിയിൽ സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് നിയമവിരുദ്ധമായി കടത്തുകയായിരുന്ന 16 ബോട്ടിൽ വിദേശമദ്യവുമായി യുവാവ് പിടിയിലായി. മുള്ളമ്പത്ത് സ്വദേശി ജാതിയുള്ളപറമ്പത്ത് വീട്ടിൽ സൌമേഷിനെയാണ് (33) കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 3.30 ഓടെ കൈവേലി-മുള്ളമ്പത്ത് റോഡിലെ 'സ്റ്റാർ കാർ വാഷ്' സ്ഥാപനത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. കൈവേലി ഭാഗത്തുനിന്നും മുള്ളമ്പത്ത് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ പരിശോധിച്ചപ്പോളാണ് പരിശോധിക്കുകയായിരുന്നു.
യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് സ്കൂട്ടറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാണ് രണ്ട് സഞ്ചികളിലായി സൂക്ഷിച്ച നിലയിൽ മദ്യം കണ്ടെത്തിയത്. പരിശോധനയിൽ 16 ബോട്ടിൽ മദ്യമാണ് കണ്ടെത്തിയത്.
ബന്ധുവിന്റെ കല്യാണാവശ്യത്തിനാണ് മദ്യം കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞെങ്കിലും, അനുവദനീയമായ അളവിൽ കൂടുതൽ മദ്യം രേഖകളില്ലാതെ കൈവശം വെച്ചതിന് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. പ്രതിക്ക് നിയമപ്രകാരമുള്ള ബി.എൻ.എസ്.എസ് നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു.
പിടിച്ചെടുത്ത 8 ലിറ്റർ മദ്യവും കടത്താൻ ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ കേരള അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരിശോധനാ സംഘത്തിൽ എസ്.ഐ സുബിൻ ബിജുവിനെ കൂടാതെ സീനിയർ സി.പി.ഒ രജീഷ് എം.വി, ഡ്രൈവർ സി.പി.ഒ ബിജു എന്നിവരും ഉണ്ടായിരുന്നു.
Content Highlights:- A youth was arrested in Kuttiadi with 16 bottles of foreign liquor being smuggled in the trunk of a scooter
#Latest News #Kuttyadi liquor seizure #Liquor smuggling scooter
















































