കുറ്റ്യാടി : ( https://kuttiadi.truevisionnews.com/ ) തദ്ദേശ തെരഞ്ഞെടുപ്പിലെ പാരഡി ഗാനം വൈറലായിക്കൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരു ഗാനം കൂടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് .
കുറ്റ്യാടി ഗവ. ആശുപത്രി വാർഡിലെ ഡോക്ടറുടെയും രോഗിയുടെയും ഗാനമാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. കുറ്റ്യാടി കൈവേലി സ്വദേശിനിയായ അനഘയ്ക്ക് കണ്ണുകാണില്ല, നന്നായി പാട്ടുപാടും.
നെഞ്ചിലെ അണുബാധയുമായാണ് അനഘ കുറ്റ്യാടിയിൽ ആശുപത്രിയിൽ ഡോ. സന്ദീപിനെ കാണാനെത്തിയത്. ശ്വാസംമുട്ടൽ കാരണം പാടാൻ കഴിയുന്നില്ലെന്നതായിരുന്നു അനഘയുടെ വലിയ സങ്കടം.
“അസുഖം ഭേദമായി ഒരു പാട്ടൊക്കെ പാടിയിട്ടുവേണം വീട്ടിലേക്ക് പോകാൻ”-ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് നിർദേശിച്ചതിനൊപ്പം ഡോക്ടർ അനഘയോട് പറഞ്ഞു.
അങ്ങനെ ഞായറാഴ്ച രാവിലെ വാർഡിൽ റൗണ്ട്‌സിന് എത്തിയപ്പോൾ ഡോ. സന്ദീപ് അനഘയോട് ചോദിച്ചു. ‘‘അസുഖമൊക്കെ ഭേദമായില്ലേ? ഇപ്പോൾ പാടാൻ കഴിയുന്നില്ലേ... ഒന്ന് പാടി നോക്കൂ’’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു.
“മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളി പൂവാലിപ്പൈക്കൾ തൻ കുറുമ്പും, തുള്ളും കുഞ്ഞാടിൻകൂട്ടവും പൂമീനും പൊന്മാനും പൂങ്കുയിൽ പാടും പാട്ടും...”-ആശുപത്രിക്കിടക്കയിലിരുന്ന് അനഘ പാടി. ഒപ്പം ചേർന്ന് ഡോക്ടറും പാടി.
അതോടെ ആശുപത്രി വാർഡിൽ സ്നേഹസംഗീതത്തിന്റെ മാധുര്യമൊഴുകി. തടസ്സമില്ലാതെ പാടിത്തീർക്കാനായപ്പോൾ അനഘയ്ക്ക് ഏറെ സന്തോഷം... വാർഡിലുള്ളവരും ഡോക്ടറുമെല്ലാം ആ ചിരിക്കൊപ്പം ചേർന്നു.
ഡോക്ടറും അനഘയും പാടിയപ്പോൾ സമീപത്തുള്ളവർ ദൃശ്യം പകർത്തിയിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിൽ സ്നേഹത്തിന്റെ ആശുപത്രിസംഗീതം എന്ന പേരിൽ വൈറലാണിപ്പോൾ.
Kuttiadi Taluk Hospital, Doctor and Patient's Song, Doctor Sandeep









































