#Latest News #Maruthonkara #Septic waste #Thottilpalam Police
കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പാറച്ചാൽ അടുക്കത്ത് നീളംപാറ ഭാഗത്തെ നടപ്പാതയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ തള്ളിയതായി പരാതി.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. നാലോളം വീടുകളിലേക്ക് പോകാനുള്ള പ്രധാന നടവഴിയുടെ മധ്യഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്.
പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ രോഗങ്ങൾ പടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ദുർഗന്ധവും ഈച്ചശല്യവും കാരണം പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്.
പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പലതവണ പരാതി നൽകിയിട്ടും ആരും സ്ഥലം സന്ദർശിക്കാൻ തയാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു.



മാലിന്യം തള്ളുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പും പ്രദേശവാസികൾ നൽകി. സംഭവത്തിൽ പരിസരവാസിയായ പാറച്ചാൽ പാത്തു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlight: Sewage Waste Dumped On Walkway In Kuttiyadi Maruthonkara, Locals Allege Negligence-new
#Latest News #Maruthonkara #Septic waste #Thottilpalam Police















































