#Latest News #Naripatta #Monsoon Disease Prevention #Kudumbashree Awareness
നരിപ്പറ്റ:(kuttiadi.truevisionnews.com) കാലവർഷത്തോടനുബന്ധിച്ച് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾക്കെതിരെ ജനങ്ങളെ സജ്ജരാക്കാൻ വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടിയുമായി നരിപ്പറ്റ കുടുംബശ്രീ സി.ഡി.എസ്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്യൂർ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ നജിന സി. കെ. സ്വാഗതം ആശംസിച്ചു.
മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയും പകരുന്ന ഷിഗെല്ല പോലുള്ള ഗുരുതരമായ വയറിളക്ക രോഗങ്ങൾക്കെതിരെയും, ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെയും കടുത്ത ജാഗ്രത പുലർത്തണമെന്ന് ക്ലാസ് നയിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പാക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണ സാധനങ്ങൾ അടച്ചുസൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയ്ക്കൊപ്പം മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണമെന്നും ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചു.
പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നായി നാനൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ വരും ദിവസങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ രൂപരേഖയും തയ്യാറാക്കി.
ഇതിന്റെ ഭാഗമായി വരുന്ന ശനി, ഞായർ ദിവസങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷനും നടത്തും.
ചടങ്ങിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.പി.രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. രമേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.കെ.ഷാജി, കെ.കെ.ദിലീപ് കുമാർ, വി.അക്ഷയകാന്ത് എന്നിവർ സംസാരിച്ചു.
Content Highlight: Naripatta news, monsoon disease prevention, Kudumbashree awareness
#Latest News #Naripatta #Monsoon Disease Prevention #Kudumbashree Awareness


















































