കുറ്റ്യാടി: (kuttiadi.truevisionnews.com/) തളീക്കര കൊടക്കലിലെ വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ സയന്റിഫിക് പരിശോധന നടത്തി. കൊടക്കൽ തറവട്ടത്ത് സുബൈറിന്റെ ഭാര്യ നുസ്രത്ത് (40)ആണ് വീടിനുള്ളിലുണ്ടായ അഗ്നിബാധയെത്തുടർന്ന് പൊള്ളലേറ്റു മരിച്ചത്.
സംഭവത്തിൽ സയന്റിഫിക് അസിസ്റ്റന്റും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും വീട്ടിൽ പരിശോധന നടത്തി. വീടിന്റെ ഹാളിലുണ്ടായിരുന്ന സോഫ സെറ്റിന് ഷോർട്ട് സർക്യൂട്ട് വഴി തീപിടിക്കുകയും അത് പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. അപകടസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്നും പുകയും തീയും ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നുസ്രത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചത്. അഗ്നിബാധയിൽ ഹാളിലെ സോഫയടക്കമുള്ള ഗൃഹോപകരണങ്ങൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ പൂർണ്ണമായി ലഭിച്ചിട്ടില്ലെന്നും തൊട്ടിൽപാലം എസ്.ഐ നൗഷാദ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച നുസ്രത്തിന്റെ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
House fire: Scientific investigation conducted into housewife's death from burns
















































