കുറ്റ്യാടി :( kuttiadi.truevisionnews.com) മലയോര ഹൈവേയുടെ അനുബന്ധ റോഡായ തൊട്ടിൽ പാലം-മുടിക്കൽ-വിലങ്ങാട് റോഡിൻ്റെ കായക്കൊടി ടൗൺ മുതൽ ഐക്കൽതാഴ വരെ രണ്ടു കിലോമീറ്റർ ദൂരം പത്തുമീറ്റർ വീതിയിൽ നവീകരിക്കാൻ 10.34 കോടി രൂപ അനുവദിച്ചതായി ഇ. കെ. വിജയൻ എം.എൽ.എ അറിയിച്ചു.
ഉടമകൾ സ്ഥലം വിട്ടുതരാൻ വൈകിയതും കേസ് നിലനിന്നതുമാണ് റോഡ് നവീകരണം നീളാൻ കാരണം. 12 മീറ്റർ വീതിയിൽ നവീകരണമായിരുന്നു ആദ്യം തയാറാക്കിയ എസ്റ്റിമേറ്റിലുണ്ടായിരുന്നത്. എന്നാൽ, ടൗണി ലെ കുറെ കടകളും വീട്ടുമതിലുകളും പൊളിക്കേണ്ടി വരുന്നതിനാൽ ഉടമകൾ സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധമായില്ല. ചിലർ കോടതിയെ സമീപിച്ചു. ഇതോടെ റോഡിൻ്റെ വീതി 10 മീറ്ററാക്കി കുറച്ചു.


കടകളുടെ ഷട്ടറുകൾ പൊളിക്കുകയാണെങ്കിൽ പുനഃസ്ഥാപിക്കാൻ സഹായം നൽകാൻ വ്യവസ്ഥയുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.കൂടാതെ പൊളിച്ച കെട്ടിടം പുനർനിർമിക്കുമ്പോൾ റോഡിൽനിന്ന് നിശ്ചിത അകലം വിടണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിക്കൊടുക്കുമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് സമ്മതപത്രം നൽകിയപ്പോൾ വ്യവസ്ഥയുണ്ടാക്കിയതായി പറഞ്ഞു. ഈ റോഡ് തൊട്ടിൽപാലം മുതൽ വയനാട് ഭാഗത്ത് മുകടിക്കൽപാലം വരെ 48 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
'Development Path'; Rs 10.34 crore allocated for Kayakodi-Aikalthazha road
















































