കാവിലുംപാറ:(kuttiadi.truevisionnews.com) കാവിലുംപാറയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടിവെച്ചു. കരിങ്ങാട് ഓടേരിപൊയിൽ ഭാഗത്ത് വെച്ചാണ് കുട്ടിയാനയെ മയക്കു വെടിവെച്ചത്. പിടികൂടിയ രണ്ടു വയസ്സുള്ള കുട്ടിയാനയെ മുത്തങ്ങയിലേക്ക് മാറ്റും. രണ്ടാഴ്ചത്തോളമായി കുട്ടിയാന ജനവാസ മേഖലയിൽ ഇറങ്ങിയിട്ട്. കർഷകർക്കും നാട്ടുകാർക്ക് വൻനാശനഷ്ടവും ബുദ്ധിമുട്ടുമാണ് ഉണ്ടാക്കിയത്.
കാട്ടാനയുടെ ആക്രമണത്തിൽ ഈ മാസം 12ന് നാല് പേർക്ക് പരുക്കേറ്റിരുന്നു. രണ്ട് സ്ത്രീകൾക്കും രണ്ടു കുട്ടികൾക്കുമാണ് പരുക്കേറ്റത്. പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത, സനിക എന്നിവർക്കും, ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ, മകൻ എബിൻ എന്നിവർക്കുമാണ് പരുക്കേറ്റത്. ബൈക്ക് തട്ടിയിട്ട ആനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് ഇവർക്ക് ജീവൻ തിരിച്ചുകിട്ടിയത്.


ഇതിന് പിന്നാലെ കുട്ടിയാനയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയാനയെ പിടികൂടാൻ സാധിച്ചിരുന്നില്ല. അതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി .
വാച്ചർമാരെ തടഞ്ഞു നിർത്തിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം . തുടർന്ന് വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തി തിരച്ചിൽ വീണ്ടും വ്യാപിപ്പിക്കുകയിരുന്നു. ഫോറസ്റ്റ് ചീഫ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് തിരിച്ചിൽ നടത്തി. വനംവന്യജീവിവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് കുട്ടിയാനയെ മയക്കു വെടിവെച്ചത് . കുട്ടിയാനയെ മുത്തങ്ങയിലെ ക്യാമ്പിൽ കൊണ്ടുപോയി ചട്ടങ്ങൾ പഠിപ്പിച്ച് സംരക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
A baby elephant was drugged and shot after it landed in a residential area in Kavilumpara