കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ ബസ് ബേ ഉപയോഗിക്കാതെ ബസുകൾ. ഇത് യാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. മുഴുവൻ ബസുകളും നിർത്താനും പാർക്ക് ചെയ്യാനും ബസ് ബേകൾ നിർമിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട്, വയനാട് ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ മാത്രമാണ് ബസ് ബേകൾ ഉപയോഗിക്കുന്നത് .
വടകര, നാദാപുരം, തലശ്ശേരി, തൊട്ടിൽപ്പാലം ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ ബസ് ബേകൾ ഉപയോഗിക്കാറില്ല. തൊട്ടിൽപ്പാലം ബസുകൾക്കാണ് ബസ് ബേകളോട് കൂടുതൽ അയിത്തം. സ്റ്റാൻഡിൽ നിന്ന് ഇറങ്ങുന്ന വഴിയിലാണ് ഈ ഭാഗത്തേക്കുള്ള ബസുകൾ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. അതിവേഗത്തിൽ കുതിച്ചുവരുന്ന ബസുകൾ ഒരു ഹോട്ടലിനു മുൻവശത്താണ് നിർത്തുന്നത്.


പുറത്തേക്കുള്ള വഴിയിൽ ഒരു സൗകര്യവുമില്ലാത്തിടത്ത് നിർത്തുന്ന ബസുകളിൽ കയറാനും ഇറങ്ങാനും വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർ പ്രയാസപ്പെടുകയാണ്. തകർത്തുപെയ്യുന്ന മഴയിൽ യാത്രക്കാർ മുഴുവൻ നനയേണ്ട ദുരവസ്ഥയാണുള്ളത്. ഇത് ചോദ്യം ചെയ്യുന്ന യാത്രക്കാരോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റം സംഘർഷത്തിനിടയാക്കുന്നുണ്ട്
Buses without using bus bay at Kuttiyadi new bus stand