വട്ടോളി: (kuttiadi.truevisionnews.com) വട്ടോളി സംസ്‌കൃതം ഹൈസ്‌കൂൾ വിദ്യാത്ഥിനിയും ബീഹാർ സ്വദേശിയുമായ തൗസിഫ ഖാതൂന് എസ് എസ് എൽ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം. ഒൻപത് വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡും , ഒരു വിഷയത്തിൽ എഗ്രേഡും നേടിയാണ് സ്കൂളിനഭിമാനമായി മാറിയത്. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് തൗസിഫ ജനിച്ചതും ഒൻപതാം ക്ലാസ്സുവരെ പഠിച്ചതും. കഴിഞ്ഞ വർഷമാണ് കേരളത്തിലെത്തിയത്.


ഈ വിദ്യാലയത്തിൽ പത്താം ക്ലാസ്സിൽ വന്നുചേർന്നു. വിദ്യാലയം മാറിയതോ, ഭാഷാ പരിചയക്കുറവോ, പാഠപുസ്തകങ്ങളുടെ പുതുമയോ തൗസിഫയുടെ പഠനത്തെ ഒട്ടും തളർത്തിയില്ല, ക്ലാസ്സിലെ ഏറ്റവും മിടുക്കിയായി പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നു. പരീക്ഷയ്ക്ക് ശേഷം കുടുംബസമേതം ബീഹാറിലാണ് ഇപ്പോഴുള്ളത്.
മിന്നും വിജയത്തിനുശേഷം അധ്യാപകരെ ഫോണിൽ വിളിച്ചു സന്തോഷം പങ്കുവെച്ചു. "ഒൻപതാം ക്ലാസ്സുവരെ ബീഹാറിൽ പഠിച്ചു, പത്താം ക്ലാസ്സിൽ കേരളത്തിൽ പഠിക്കുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നെന്നും, വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷനിലെ ക്ലാസ്സുകൾ മികച്ച വിജയം നേടാൻ സഹായിച്ചു വെന്നും, പ്രധാന അദ്ധ്യാപികയും വിഷയാധ്യാപകരും പൂർണപിന്തുണ നൽകിയെന്നും" തൗസിഫ പങ്കുവെച്ചു.
അറബിക് ആയിരുന്നു ഫസ്റ്റ് ലാംഗ്വേജ്. ഇംഗ്ലീഷ്, അറബി, ഉർദു,ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഉർദു,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിൽ നന്നായി പ്രസംഗിക്കാനും ഉപന്യാസമെഴുതാനുമറിയാം.സ്കൂൾ-സബ്ജില്ലാ കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ വർഷം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി പ്രസംഗത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് പിതാവ് മുഹമ്മദ് സിയാവുൽ ഹഖ് കേരളത്തിലെത്തിയത്. തെങ്ങ് കയറ്റമാണ് ജോലി. ഇപ്പോൾ കുടുംബസമേതം നാദാപുരം-കുമ്മങ്കോട് വാടക വീട്ടിലാണ് താമസം. മിനാരാ ഖാതൂനാണ് തൗസിഫയുടെ മാതാവ്. എട്ട് മക്കളിൽ തൗസിഫയാണ് ഏറ്റവും മുതിർന്നകുട്ടി. ഹയർ സെക്കന്ററി പഠനവും കേരളത്തിൽ തന്നെ പഠിക്കുമെന്നും, ഉടനെ കേരളത്തിലേക്ക് തിരിക്കുമെന്നും പിതാവ് പറഞ്ഞു.
Bihari student makes Vattoli School proud