കുറ്റ്യാടി:(kuttiadi.truevisionnews.com) തൊട്ടില്‍പ്പാലം ടൗണിനടുത്ത് പൂക്കാട് വീട്ടുകിണറ്റില്‍ സ്ഥാപിച്ച മോട്ടറുകള്‍ സാമൂഹിക വിരുദ്ധര്‍ തീ വെച്ചു നശിപ്പിച്ചു. ഉണ്ണിയത്താന്കണ്ടിയില് മാറിയത്തിന്റെ തറവാട് വീടിന്റെ കിണറ്റില്‍ നിന്ന് പരിസരവീടുകളിലേക്ക് വെള്ളമെത്തിക്കാന്‍ സ്ഥാപിച്ച 10 മോട്ടോറുകളില്‍ ഏഴെണ്ണമാണ് കത്തിച്ചത്.
ഞായറാഴ്ച പകല്‍ മോട്ടര്‍ ഓണ്‍ ചെയ്തിട്ടും വെള്ളമെത്താതായതോടെ നടത്തിയ പരിശോധന യിലാണ് മോട്ടറുകള്‍ നശിപ്പിച്ചതായി കണ്ടത്. 15 വര്‍ഷത്തിലേറെയായി പ്രദേശവാസികള്‍ ആശ്രയിക്കുന്നത് ഉണ്ണ്യത്താങ്കണ്ടി കിണറിലെ വെള്ളമാണ്. തറവാട്ടില്‍ കുറച്ചു ദിവസങ്ങളായി ആള്‍താമസമുണ്ടായിരുന്നില്ല. ഞായറാഴ്ച പുലര്‍ച്ചയോടെ മോട്ടറുകള്‍ പെട്രോളോ മറ്റോ ഒഴിച്ച് തീ വെച്ചതാവാമെന്ന് ആളുകള്‍ സംശയിക്കുന്നു.
കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ഒരു സംഭവം പ്രദേശത്ത് ആദ്യമാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ഫോറെന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തും.
#Motors #installed #househol#fir#antisocial #elements