കുറ്റ്യാടി: (kuttiadi.truevisionnews.com) കോഴിക്കോട് ജില്ലയിൽ കനത്ത മഴ. കുറ്റ്യാടിയിലെ കാർ ഷോറൂമിലെ സർവീസ് ഏരിയയിൽ വെള്ളം കയറി. സർവീസിനു വന്ന നിരവധി വാഹനങ്ങളിൽ വെള്ളം കയറി. ഇലക്ട്രിക് സെക്ഷനിൽ വെള്ളം കയറി ലൈറ്റുകൾ കത്തുന്ന അവസ്ഥയിലാണ് കാറുകൾ ഉള്ളത്. പോലിസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ മാറ്റാൻ പറ്റാത്ത അവസ്ഥയാണ്.
അതിനിടെ തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി. തളിക്കര കള്ള് ഷാപ്പ് മുതൽ പട്ടർകുളങ്ങര വരെ വരുന്ന റോഡിലാണ് വെള്ളം കയറിയത്. വെള്ളം കാണാനോ ആസ്വദിക്കുവാനോ വേണ്ടി ആരും തന്നെ വാഹനവുമായി വരാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു.


സമീപപ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുവാനും മാറി താമസിക്കാനും വേണ്ടിയിട്ടുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ട് . രാത്രികാലങ്ങളിൽ വാഹനവുമായി ദേവർകോവിൽ കനാൽ പാലം വഴി കായക്കൊടിയിലേക്ക് വരാൻ യാത്രക്കാർക്ക് ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു..
അതേസമയം ജില്ലയിലെ പലഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട് . കനത്ത മഴയില്‍ ചക്കിട്ടപ്പാറയിലെ കടന്ത്രപുഴ കരകവിഞ്ഞൊഴുകിയതിനാല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ഇല്ലിക്കല്‍ കോളനയില്‍ വെള്ളം കയറി. കോളനി നിവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. മുഴുവന്‍ കുടുംബങ്ങളെയും ചെമ്പനോട യുപി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിക്കുകയായിരുന്നു. 16 കുടുംബങ്ങളിലായി 35 പേരാണ് ക്യാമ്പില്‍ ഉള്ളത്.
ജനപ്രതിനിധികളുടെയും താഹസില്‍ദാരുടെയും പെരുവണ്ണാമൂഴി പോലീസിന്റെയും ചെമ്പനോട പള്ളി വികാരിയുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ക്യാമ്പിന്റെ നടത്തിപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്തു.
ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചു . ഗതാഗതവും വൈദ്യുതിയും നിലച്ചു. കുന്നിടിഞ്ഞത് അർദ്ധരാത്രിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിന് ഏതാനും വാര അകലെ നെല്ലിക്കാ പറമ്പ് -അരൂ ണ്ട- കായലോട്ട് താഴെ റോഡിന് സമീപത്തെ വലിയ കുന്നാണ് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മണ്ണിനടിയിലാണ്. ഇതുവഴിയുള്ള ഗതാഗതവും പൂർണമായും നിലച്ചു.
ഇതിനിടെ നാദാപുരത്ത് പിക്കപ്പ് വാൻ പുഴ കൈവരിയിൽ ഇടിച്ചു തകർന്നു. അപകടം ഒഴിവായത് തലനാരിഴക്ക്. വണ്ടിയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലാച്ചി - വളയം റോഡിലെ വിഷ്ണുമംഗലം പലത്തിലാണ് അപകടം. മിനി വാനിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെയാണ് അപകടം.
കനത്ത മഴയിൽ നിറഞ്ഞ് ഒഴുകുന്ന വാണിമേൽ-മയ്യഴി പുഴയിലേത്ത് വാഹനം വീഴാതിരുന്നത് കാരണം വലിയ അപകടമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ പാലത്തിൻ്റെ കോൺക്രീറ്റ് കൈവരികൾ പൂർണമായും തകർന്നിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. പാലത്തിൽ ഗതാഗത തടസം നേരിട്ടു. പുലർച്ചെ പൊലീസ് എത്തിയാണ് വാൻ മാറ്റിയത്.
ജില്ലയില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച ജില്ലയിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Water entered the service area of a car showroom in Kuttiadi