കുറ്റ്യാടി:(kuttiadi.truevisionnews.com) ദിവസവും നൂറുകണക്കിന് സഞ്ചരികള്‍ വരുന്ന ജാനകിക്കാട്ടിലേക്ക് മതിയായ റോഡ് സൗകര്യമില്ലാത്തത് പ്രയാസം തീര്‍ക്കുന്നു. മരുതോങ്കര പഞ്ചായത്തിലെ 11,12 വാര്‍ഡിലാണ് ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം വരുന്നത്.


നിലവില്‍ മരുതോങ്കര നീര്‍പ്പാലം മുതല്‍ ജാനകിക്കാടു വരെ റോഡ് വെട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇത് സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. മരുതോങ്കര പഞ്ചായത്തിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ബാലുശ്ശേരി, പേരാമ്പ്ര, പന്തിരിക്കര, ഒറ്റക്കണ്ടം, പെരുവണ്ണാമൂഴി, പാലേരി, കടിയങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന പ്രധാന പാതയാണിത്. റോഡിലെ വലിയ കുഴികള്‍ കാരണം രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനയാത്രക്കാരും അപകടത്തില്‍ പെടുന്നത് പതിവാണ്.
വഴിവിളക്കില്ലാത്തത് യാത്ര ദുഷ്‌കരമാക്കുന്നു. റോഡിനു വീതിയില്ലാത്തതും മരങ്ങളും വള്ളികളും റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നതും കാരണം ബസ് പോലുള്ള വലിയ വാഹനങ്ങള്‍ ഇതുവഴി പോകാറില്ല. കണ്ണൂര്‍, കാസര്‍ഗോഡ്, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സഞ്ചരികളാണ് കൂടുതലായി ജാനകിക്കാട്ടില്‍ എത്താറുള്ളത്. എന്നാല്‍ വേണ്ടവിധം റോഡില്ലാത്തതിനാല്‍ കണ്ണൂര്‍ വടകര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ കുറ്റ്യാടിയില്‍ നിന്ന് പാലേരി പോയി ഒറ്റക്കണ്ടം വഴി കറങ്ങിയാണ് ജാനകിക്കാട്ടില്‍ എത്താറുള്ളത്.
റോഡ് വീതി കൂട്ടി റോഡിലേക്ക് ചാഞ്ഞ മരങ്ങള്‍ വെട്ടി മാറ്റിയാല്‍ സഞ്ചരികള്‍ക്ക് എളുപ്പത്തില്‍ ജാനകിക്കാട്ടില്‍ എത്താന്‍ സാധിക്കും. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സ്ഥലമില്ലാത്തതും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിലവില്‍ റോഡിന്റെ വശങ്ങളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
കാട്ടുപോത്ത്, പന്നി തുടങ്ങിയ മൃഗങ്ങള്‍ ജാനകിക്കാട്ടില്‍ ധാരാളമുണ്ട്. ഇത് രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നതോടെ ഇതു വഴി യാത്ര ചെയ്യുന്നവര്‍ ഭയത്തോടെയാണ് പോകാറ്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ വന്യമൃഗങ്ങളെ കണ്ടാല്‍ വേഗത്തില്‍ വണ്ടിയോടിച്ചു പോകാനും കഴിയില്ല. കാട്ടുപോത്തിനെ കണ്ട് ബൈക്ക് വേഗത്തില്‍ ഓടിച്ചു വീണു പരിക്കേറ്റ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നിന്ന് 50 ലക്ഷം രൂപ റോഡിനു അനുവദിച്ചിട്ടുണ്ടെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറഞ്ഞു. പണി ടെന്‍ഡര്‍ ആയെന്നും താമസിയാതെ റോഡ്പണി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
#adequate #road #facilities#tourists#locals #coming #Janakikkadu #trouble