Nov 11, 2021 07:59 AM

കുറ്റ്യാടി : ഇവർക്ക് ഇന്നൊരാഗ്രഹമേയുള്ളൂ മലയിറങ്ങിവരണം ഒപ്പം ദുരിതങ്ങളിൽ നിന്നും. മലമുകളിൽ ഓരോനിമിഷവും ജീവൻ പണയപ്പെടുത്തി കഴിയുകയാണ് ചെല്ലപ്പനും കുടുംബവും.

വന്യമൃഗശല്യവും ഉരുൾപൊട്ടൽ ഭീഷണിയും കാരണം കുടുംബം ആശങ്കയിലാണ്. കാവിലുമ്പാറ വില്ലേജിലെ ഉയരംകൂടിയ കുന്നുകളിലൊന്നായ കുടുക്കക്കുന്നിലാണ് വർഷങ്ങളായി ചെല്ലപ്പൻ കഴിയുന്നത്. സമീപത്തൊന്നും ഇപ്പോൾ മറ്റുവീടുകളില്ല.

ഒട്ടേറെ കുടുംബങ്ങൾ ഇവിടെയുള്ള താമസം മതിയാക്കി താഴേക്കിറങ്ങി. വന്യമൃഗങ്ങൾ രാവും പകലും വിഹരിക്കുന്ന മേഖലയാണിത്. യാത്രയ്ക്കുള്ള റോഡാകട്ടെ പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ഹൈഗിയർ വാഹനങ്ങൾക്ക് മാത്രമേ ഇവിടേക്ക് എത്താനാകൂ.

കുറഞ്ഞത് 750 രൂപയാണ് ജീപ്പു കൂലി .ഭാര്യ ചന്ദ്രിയും ഏകമകൾ നിഷയും രോഗികളുമാണ്. ഉറപ്പുള്ള വാതിൽ പോലുമില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിലാണ് ഇവർ കഴിയുന്നത്. അഞ്ച് സെന്റ് ഭൂമിയാണ് ആകെയുള്ള സമ്പാദ്യം. വർഷങ്ങൾക്കുമുമ്പ് സർക്കാർ സഹായത്തിലാണ് വീട് നിർമിച്ചത്.

ഈയിടെയുണ്ടായ കനത്ത മണ്ണിടിച്ചിലിൽ ഇളകിവന്ന ഒരു കുറ്റൻപാറ ഇപ്പോഴും വീടിന് തൊട്ടുമുകളിൽ ഭീഷണിയായി നിൽക്കുന്നുണ്ട്. നീരുറവയിൽ പൈപ്പിട്ട് എടുക്കുന്നതാണ് കുടിവെള്ളം. കാട്ടാനകളുംമറ്റും അതുനശിപ്പിച്ചാൽ കുടിവെള്ളം മുട്ടും. ഇനിയുള്ള കാലം മനസമാധാനത്തോടെ കഴിയാൻ അടച്ചുറപ്പുള്ള വീട് വേണമെന്നാണ് കുടുംബത്തിന്റെ പ്രാർഥന.

Chellappan and his family are risking their lives to climb the mountain

Next TV

Top Stories