---
title: "ജനങ്ങൾ തടിച്ചുകൂടരുത് ; മരുതോങ്കരയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ വടകര ആർ.ഡി.ഒയുടെ നിരോധനാജ്ഞ"
english_title: "Prohibitory Order in Maruthonkara as Wild Gaur Rescue Begins"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/386381/maruthonkara-wild-gaur-rescue-order"
published_at: "2026-10-10T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9b1872e6b5_maruthonkara-wild-gaur-rescue-order.jpg"
keywords: ["WildGaur", "Maruthonkara", "VadakaraRDO", "RescueOperation", "KeralaNews"]
---

# ജനങ്ങൾ തടിച്ചുകൂടരുത് ; മരുതോങ്കരയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ വടകര ആർ.ഡി.ഒയുടെ നിരോധനാജ്ഞ

> **Lead Summary:** **മരുതോങ്കര: **മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് രക്ഷപ്പെടുത്തുന്ന ദൗത്യത്തോടനുബന്ധിച്ച് പ്രദേശത്ത് വടകര സബ് ഡിവിഷണൽ ആർ.ഡി.ഒ / സബ് ഡിവിഷണൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

## Article Content

**മരുതോങ്കര: **മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് രക്ഷപ്പെടുത്തുന്ന ദൗത്യത്തോടനുബന്ധിച്ച് പ്രദേശത്ത് വടകര സബ് ഡിവിഷണൽ ആർ.ഡി.ഒ / സബ് ഡിവിഷണൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 5, 10, 11, 12 വാർഡുകളിലും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 2-ാം വാർഡിലുമാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് (10.10.2026) രാവിലെ 07:00 മണി മുതൽ രാത്രി 08:00 മണി വരെയാണ് നിരോധനാജ്ഞയുടെ സമയപരിധി (ഉത്തരവ് നം. 1987/2026). കിണറ്റിൽ വീണ കാട്ടുപോത്തിനെ കാണാൻ ആളുകൾ വൻതോതിൽ തടിച്ചുകൂടുന്നത് കാരണം വനം വകുപ്പ് മുൻകൈയെടുത്ത് നടത്താനിരുന്ന രാത്രികാല രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. മൃഗത്തെ മയക്കുവെടി വെച്ച് പിടികൂടുമ്പോൾ ജനങ്ങൾ തടിച്ചുകൂടുന്നത് കാട്ടുപോത്തിന് വലിയ രീതിയിൽ പരിഭ്രാന്തി ഉണ്ടാക്കാനും, അത് അനിയന്ത്രിതമായ അപകടങ്ങൾക്കും മനുഷ്യജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുള്ളതിനാലാണ് വടകര ആർ.ഡി.ഒ കടുത്ത നടപടിയിലേക്ക് കടന്നത്.

**വിലക്കുകളും ഇളവുകളും:**

ഉത്തരവ് പ്രകാരം നിർദ്ദിഷ്ട വാർഡുകളിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നതും, ഔദ്യോഗിക കൃത്യനിർവഹണത്തിലല്ലാത്ത ആരെങ്കിലും കാട്ടുപോത്ത് വീണ കിണറ്റിന്റെ പരിസരത്തേക്ക് അടുക്കുന്നതും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ വനം, പോലീസ്, റവന്യൂ, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വെറ്ററിനറി സംഘം, അത്യാഹിത സേവനങ്ങൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കുമുള്ള പൊതുജനങ്ങൾ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ല.

ഈ ഉത്തരവ് ലംഘിച്ച് പ്രവേശിക്കുകയോ കൂട്ടംകൂടുകയോ ചെയ്യുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 221 പ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

The Vadakara Sub-Divisional RDO has imposed prohibitory orders in parts of Maruthonkara and Chakkittapara to support the rescue of a wild gaur that fell into an unused well. The order is in force today to prevent crowds from gathering near the site and to ensure the tranquillization and rescue operation can proceed safely.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/386381/maruthonkara-wild-gaur-rescue-order)