---
title: "വിജിലൻസ് അന്വേഷണങ്ങൾ ഇനി വിരൽത്തുമ്പിൽ; വിഎസിബി സ്യൂട്ട് 3.0 പ്രവർത്തനം തുടങ്ങി"
english_title: " Kerala Vigilance Launches VSCB Suite 3.0 Digital Platform"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/384203/kerala-vigilance-launches-vscb-suite-30-digital-platform"
published_at: "2026-09-25T22:25:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6a80454914_kerala-vigilance-launches-vscb-suite-30-digita.jpg"
keywords: ["Kerala Vigilance", "VSCB Suite 3.0", "Ramesh Chennithala", "Vigilance Department"]
---

# വിജിലൻസ് അന്വേഷണങ്ങൾ ഇനി വിരൽത്തുമ്പിൽ; വിഎസിബി സ്യൂട്ട് 3.0 പ്രവർത്തനം തുടങ്ങി

> **Lead Summary:** തിരുവനന്തപുരം: വിജിലൻസ് കേസുകളുടെയും അന്വേഷണങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്ന വിഎസിബി സ്യൂട്ട് 3.0 പ്രവർത്തനം തുടങ്ങി. വിജിലൻസ് അന്വേഷണത്തിലെ കാലതാമസം കുറയ്ക്കാനും അന്വേഷണങ്ങളുടെ കാര്യക്ഷമമായ മേൽനോട്ടത്തിനും സഹായിക്കുന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തുപുതിയ സംവിധാനത്തിലൂടെ കേസുകളുടെയും അവയുടെ അന്വേഷണങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ ഡേറ്റാ രൂപത്തിൽ ലഭ്യമാകും.

## Article Content

തിരുവനന്തപുരം: വിജിലൻസ് കേസുകളുടെയും അന്വേഷണങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്ന വിഎസിബി സ്യൂട്ട് 3.0 പ്രവർത്തനം തുടങ്ങി. വിജിലൻസ് അന്വേഷണത്തിലെ കാലതാമസം കുറയ്ക്കാനും അന്വേഷണങ്ങളുടെ കാര്യക്ഷമമായ മേൽനോട്ടത്തിനും സഹായിക്കുന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തുപുതിയ സംവിധാനത്തിലൂടെ കേസുകളുടെയും അവയുടെ അന്വേഷണങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ ഡേറ്റാ രൂപത്തിൽ ലഭ്യമാകും.

വിജിലൻസ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് വിഎസിബി സ്യൂട്ട് 3.0 എന്ന് മന്ത്രി അറിയിച്ചു. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റയുടെ സുരക്ഷിതത്വം, നിർവഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേൽനോട്ടം എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷതകൾ. പൂർണമായും ബ്യൂറോയിലെ സാങ്കേതിക വിദഗ്ധരാണ് സംവിധാനം വികസിപ്പിച്ചെടുത്തതെന്ന പ്രത്യേകതയുമുണ്ട്.

കേസന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്നത് അഴിമതിക്കെതിരായ പ്രവർത്തനങ്ങളിൽ സർക്കാരിനും വകുപ്പിനും കൃത്യവും സമയബന്ധിതവുമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. യൂണിറ്റ് മേധാവികൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അന്വേഷണങ്ങൾ ഫലപ്രദമായി നിരീക്ഷിക്കുന്നതിനുള്ള നിരവധി സൗകര്യങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓരോ അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷണം പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കുന്നു, ഓരോ കേസും എത്ര ദിവസമായി തീർപ്പാക്കാതെ കിടക്കുന്നു തുടങ്ങിയ വിവരങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഇതിലൂടെ ആവശ്യമായ അന്വേഷണ നടപടികൾക്കുള്ള നിർദേശങ്ങളും മാർഗനിർദേശങ്ങളും കൃത്യസമയത്ത് നൽകാൻ കഴിയുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

വിഎസിബി സ്യൂട്ട് 3.0 ഉപയോഗിക്കുന്നതിനുള്ള മാനുവലിന്റെ പ്രകാശനവും പുതുതായി രൂപകൽപ്പന ചെയ്ത യൂണിഫോമിന്റെ വിതരണവും ആഭ്യന്തര മന്ത്രി നിർവഹിച്ചു. രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ നേടിയ വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കുള്ള ബാഡ്ജ് ഓഫ് ഹോണർ വിതരണവും അദ്ദേഹം നടത്തി.

തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അധ്യക്ഷത വഹിച്ചു. ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം സ്വാഗതം ആശംസിച്ചു. ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവും മുൻ ഡി.ജി.പിയുമായ എ. ഹേമചന്ദ്രൻ മുഖ്യാതിഥിയായി.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തെ എസ്.പി എസ്.ആർ. ജ്യോതിഷ് കുമാർ ആശംസകൾ അർപ്പിച്ചു. വിജിലൻസ് ഇന്റലിജൻസ് എസ്.പി ഉജ്ജ്വൽ കുമാർ നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

**
**

**English Summary:**

Kerala Vigilance and Anti-Corruption Bureau has launched VSCB Suite 3.0, a digital platform designed to support the investigation and coordination of vigilance cases. Home and Vigilance Minister Ramesh Chennithala inaugurated the platform. It provides digital access to case and investigation data, along with features for document verification, data security, faster execution and effective supervision. Senior officers can monitor investigation timelines and pending cases. The minister also released the platform manual, distributed newly designed uniforms and presented Badges of Honour. A special training programme for Vigilance officials was held after the ceremony.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/384203/kerala-vigilance-launches-vscb-suite-30-digital-platform)