---
title: "ലഹരി മാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': രണ്ടാം ഘട്ടം സെപ്റ്റംബർ 28 മുതൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു"
english_title: "Operation Toofan Largest Anti Drug Drive Says Ramesh Chennithala"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/383179/operation-toofan-largest-anti-drug-drive-ramesh-chennithala"
published_at: "2026-09-17T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac0a8750563_operation-toofan-largest-anti-drug-drive-ramesh-chennithala11.jpg"
keywords: ["Operation Toofan", "Ramesh Chennithala", "Kerala Police", "Sabarimala Gold Theft Case"]
---

# ലഹരി മാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': രണ്ടാം ഘട്ടം സെപ്റ്റംബർ 28 മുതൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് 'ഓപ്പറേഷൻ തൂഫാൻ' എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് 'ഓപ്പറേഷൻ തൂഫാൻ' എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2029 ആകുമ്പോഴേക്കും ഇന്ത്യ ഒട്ടാകെ ലഹരിമുക്തമായി മാറണമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ ഇല്ലാത്തപ്പോഴും ലഹരിക്കെതിരെ പോരാടിയിട്ടുണ്ടെന്നും ഇനിയും പോരാടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കും. രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ‘തൂഫാൻ സ്ട്രൈക്ക്’, ‘തൂഫാൻ എഡ്യൂക്കേറ്റ്’, ‘തൂഫാൻ കെയർ’ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് ലഹരി നിർമാർജന പദ്ധതി പ്രവർത്തിക്കുന്നത്.

പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങൾ വിജയകരമായിരുന്നുവെന്നും ലഹരിക്കടത്ത് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജൻസികളുമായും സഹകരിച്ച് സംയുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായും കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമായും ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തമിഴ്നാട്ടിൽ അദ്ദേഹം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരിട്ട് തുടക്കമിട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണ്ണക്കവർച്ച കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നതെന്നും കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പിണറായിക്കെതിരായ കേസുകളിൽ കോൺഗ്രസ് സിപിഎമ്മുമായി ഒത്തു കളിക്കുന്നു എന്ന ബിജെപി ആരോപണത്തിന്, കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി പിണറായി വിജയനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

സിപിഎമ്മും ബിജെപിയുമാണ് ഒത്തു കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് മാസപ്പടി വിവാദം ഉൾപ്പെടെയുള്ള പല അഴിമതികളും പുറത്തുകൊണ്ടുവന്നിരുന്നുവെന്നും, ഇ.ഡി അന്വേഷിക്കുന്ന കേസുകളിൽ അടുത്തിടെ ഡി.ജി.പിക്ക് കിട്ടിയ റിപ്പോർട്ടിന്മേൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ അഡ്വക്കേറ്റ് ജനറലിനോട് റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

**English Summary:**

Home Minister Ramesh Chennithala called 'Operation Toofan' the largest anti-drug drive in India at the India Today Round Table Conclave in Kovalam. The second phase will launch on September 28, expanding to local bodies. Operating through 'Toofan Strike', 'Toofan Educate', and 'Toofan Care', the drive collaborates with southern states and central agencies. Chennithala also stated the Sabarimala gold theft is under High Court supervision, dismissed BJP-CPM collusion allegations, and noted that the AG's opinion was sought on recent ED reports submitted to the DGP.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/383179/operation-toofan-largest-anti-drug-drive-ramesh-chennithala)