---
title: "ചുരത്തിൽ കാത്തിരിക്കുന്നത് വൻ ദുരന്തം! തേഞ്ഞ ടയറും 15 വർഷം പഴക്കമുള്ള വണ്ടികളുമായി തൊട്ടിൽപ്പാലം കെഎസ്ആർടിസി "
english_title: "KSRTC Tyre Shortage Crisis Thottilpalam Depot Kuttiady Churam Bus Service Risk"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377434/ksrtc-tyre-shortage-thottilpalam-depot-kuttiady-churam-bus-service-crisis"
published_at: "2026-08-08T13:08:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76dd64eb008_ksrtc-tyre-shortage-thottilpalam-depot-kuttiady-churam-bus-service-crisis.jpg"
keywords: ["KSRTC Tyre Shortage", "Thottilpalam KSRTC Depot", "Kuttiady Churam Bus Service", "Kerala KSRTC Crisis", "Priyadarshini Bus Accident Peringathur"]
---

# ചുരത്തിൽ കാത്തിരിക്കുന്നത് വൻ ദുരന്തം! തേഞ്ഞ ടയറും 15 വർഷം പഴക്കമുള്ള വണ്ടികളുമായി തൊട്ടിൽപ്പാലം കെഎസ്ആർടിസി 

> **Lead Summary:** തൊട്ടിൽപ്പാലം: **[** തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ടയർക്ഷാമം അതീവ ഗുരുതരമാകുന്നു. പുതിയ ടയറുകളും റീസോൾ ചെയ്ത ടയറുകളും ലഭ്യമല്ലാതായതോടെ ഡിപ്പോയിലെ ബസ് സർവീസുകൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. മാസത്തിൽ എട്ട് മുതൽ പത്ത് വരെ പുതിയ ടയറുകൾ ലഭിക്കേണ്ട സ്ഥാനത്ത്, കഴിഞ്ഞ ഒരു മാസമായി ഡിപ്പോയിലേക്ക് ഒരു ടയർ പോലും എത്തിയിട്ടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.

## Article Content

തൊട്ടിൽപ്പാലം: **[** തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ടയർക്ഷാമം അതീവ ഗുരുതരമാകുന്നു. പുതിയ ടയറുകളും റീസോൾ ചെയ്ത ടയറുകളും ലഭ്യമല്ലാതായതോടെ ഡിപ്പോയിലെ ബസ് സർവീസുകൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. മാസത്തിൽ എട്ട് മുതൽ പത്ത് വരെ പുതിയ ടയറുകൾ ലഭിക്കേണ്ട സ്ഥാനത്ത്, കഴിഞ്ഞ ഒരു മാസമായി ഡിപ്പോയിലേക്ക് ഒരു ടയർ പോലും എത്തിയിട്ടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.

സാധാരണയായി 20,000 മുതൽ 40,000 കിലോമീറ്റർ വരെ ഓടിയ ടയറുകൾ റീസോളിങ്ങിനായി എടപ്പാളിലെ കെ.എസ്.ആർ.ടി.സി. കേന്ദ്രത്തിലേക്ക് അയക്കാറുണ്ട്. എന്നാൽ അവിടെ റീസോളിങ്ങിന് ആവശ്യമായ 'ത്രഡ് മെറ്റീരിയൽ' ലഭ്യമല്ലാത്തതിനാൽ, അയക്കുന്ന ടയറുകളിൽ പകുതി പോലും തിരികെ ലഭിക്കുന്നില്ല.

**തേഞ്ഞ ടയറുമായി കുറ്റ്യാടി ചുരത്തിലേക്ക്; അപകടഭീതിയിൽ യാത്രക്കാർ**

ടയർ പ്രതിസന്ധി കടുത്തതോടെ ഒരു ബസിന്റെ ടയർ മാറ്റി മറ്റൊന്നിലിട്ടാണ് നിലവിൽ സർവീസുകൾ നടത്തുന്നത്. കുറ്റ്യാടി ചുരം പോലുള്ള അതികഠിനമായ ഹൈറേഞ്ച് റൂട്ടുകളിൽ പോലും തേഞ്ഞുതീർന്ന ടയറുകളുമായാണ് ബസുകൾ സർവീസ് നടത്തുന്നത്. കനത്ത മഴക്കാലമായതിനാൽ തേഞ്ഞ ടയറുകൾ കാരണം ബ്രേക്ക് ചവിട്ടിയാൽ വണ്ടി നിൽക്കാത്ത അവസ്ഥയുണ്ടെന്ന് ഡ്രൈവർമാർ ഭീതിയോടെ പറയുന്നു. ഇത് വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം.

കഴിഞ്ഞ ദിവസം തൊട്ടിൽപ്പാലത്തുനിന്ന് പറശ്ശിനിക്കടവിലേക്ക് സർവീസ് നടത്തുന്ന പ്രിയദർശിനി ബസിന്റെ ടയർ പെരിങ്ങത്തൂരിൽ വെച്ച് പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. പ്രിയദർശിനി ബസുകളിൽ യാത്രക്കാരുടെ തിരക്ക് കൂടുതലായതിനാൽ ഓവർലോഡും ബസുകളുടെ കാലപ്പഴക്കവും കെ.എസ്.ആർ.ടി.സി.ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കുറ്റ്യാടി ചുരം വഴി നിലവിൽ സർവീസ് നടത്തുന്നത് 15 വർഷത്തിലേറെ പഴക്കം ചെന്ന കട്ടപ്പൊതികളായ ബസുകളാണ്. കഴിഞ്ഞ മാസം അമിതഭാരവുമായി മാനന്തവാടിക്ക് പോയ ബസ് ചുരത്തിലെ എട്ടാം വളവിൽ കേടായി കിടന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.

ടയർ ക്ഷാമത്തിന് പുറമെ സ്പെയർപാർട്സ് പ്രതിസന്ധിയും ഡിപ്പോയെ പിടിച്ചുലയ്ക്കുന്നുണ്ട്. കോഴിക്കോട് റീജണൽ ഗാരേജിൽ നിന്ന് സ്പെയർപാർട്സുകൾ ലഭിക്കുന്നില്ല. മുൻപ് പുറമെയുള്ള പ്രൈവറ്റ് ഓട്ടോമൊബൈൽ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയിരുന്നുവെങ്കിലും, ഇനി അങ്ങനെ വാങ്ങരുതെന്ന് ഉന്നതാധികാരികളുടെ കർശന നിർദ്ദേശമുണ്ട്. ഇതിനുള്ള ഫണ്ടും അധികൃതർ അനുവദിക്കുന്നില്ല. ടയറും സ്പെയർപാർട്സുമില്ലാതെ കോഴിക്കോട് ജില്ലയിലെ വിവിധ ഡിപ്പോകളിലായി നിരവധി ബസുകളാണ് ഇപ്പോൾ കട്ടപ്പുറത്ത് കിടക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377434/ksrtc-tyre-shortage-thottilpalam-depot-kuttiady-churam-bus-service-crisis)