---
title: "കുറ്റ്യാടിയിൽ അന്യസംസ്ഥാന തൊഴിലാളികൾ ദുരിതത്തിൽ; അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി"
english_title: "Kuttiady Bypass Workers Living In Filth Septic Waste Issue"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376859/kuttiady-bypass-workers-living-in-waste-septic-overflow"
published_at: "2026-08-05T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a731be432118_kuttiady-bypass-workers-living-in-waste-septic-overflow.jpg"
keywords: ["HEALTH", "WORKR", "WASTE", "PANCH", "ISSUE"]
---

# കുറ്റ്യാടിയിൽ അന്യസംസ്ഥാന തൊഴിലാളികൾ ദുരിതത്തിൽ; അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി

> **Lead Summary:** **കുറ്റ്യാടി[:]**[ ബൈപ്പാസ് നിർമാണ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ദുരിതപൂർണമായ സാഹചര്യത്തിൽ കഴിയുന്നതായി പരാതി. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ പഴയ വനിതാ ഹോട്ടൽ കെട്ടിടത്തിലാണ് കരാർ കമ്പനി ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

## Article Content

**കുറ്റ്യാടി[:]**[ ബൈപ്പാസ് നിർമാണ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ദുരിതപൂർണമായ സാഹചര്യത്തിൽ കഴിയുന്നതായി പരാതി. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ പഴയ വനിതാ ഹോട്ടൽ കെട്ടിടത്തിലാണ് കരാർ കമ്പനി ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

സെപ്റ്റിക് ടാങ്ക് ഓവർഫ്ലോ ആയി മലിനജലം പരിസരത്തെ തോടുകളിലേക്ക് ഒഴുകുന്നതും കെട്ടിടത്തിന് ചുറ്റും മാലിന്യം കുന്നുകൂടിക്കിടക്കുന്നതും പ്രദേശത്ത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. കൊതുകും ഈച്ചയും പെരുകിയതോടെ പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

മനുഷ്യാവകാശ കമ്മീഷൻ മാർഗരേഖ പ്രകാരമുള്ള ശുദ്ധജലം, ശൗചാലയം, മാലിന്യ നിർമാർജന സംവിധാനം തുടങ്ങിയ കുറഞ്ഞ സൗകര്യങ്ങൾ പോലും ഇവിടെയില്ല. സംഭവത്തെ തുടർന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത്, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.

പ്രദേശത്തെ മാലിന്യങ്ങൾ ഉടനടി നീക്കം ചെയ്യാനും സൗകര്യത്തിനനുസരിച്ച് തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനും നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് അറിയിച്ചു.

അതേസമയം, വികസനത്തിനായി വിയർപ്പൊഴുക്കുന്ന തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും മനുഷ്യത്വപരമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. സുരേഷ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376859/kuttiady-bypass-workers-living-in-waste-septic-overflow)