---
title: "ഓർമ്മകൾക്ക് തിരശ്ശീല ; കുറ്റ്യാടിയിലെ നക്സൽ ആക്രമണത്തിന്റെ ഓർമച്ചുവരുകൾ പൊളിച്ചുനീക്കുന്നു"
english_title: "Kuttiadi Police Station Demolished 1969 Naxal Attack Building-NEW"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376497/kuttiadi-police-station-demolished-1969-naxal-attack-building-NEW"
published_at: "2026-08-04T10:37:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717994402ad_kuttiadi-police-station-demolished-1969-naxal-attack-building_copy.jpg"
keywords: ["HISTO", "POLIC", "NAXAL", "KUTTI", "BUILD"]
---

# ഓർമ്മകൾക്ക് തിരശ്ശീല ; കുറ്റ്യാടിയിലെ നക്സൽ ആക്രമണത്തിന്റെ ഓർമച്ചുവരുകൾ പൊളിച്ചുനീക്കുന്നു

> **Lead Summary:** **കുറ്റ്യാടി:[**നക്സൽ ആക്രമണം ഉൾപ്പെടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കുറ്റ്യാടി പൊലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നു. ഏത് നിമിഷവും തകർന്നു വീഴാവുന്ന ജീർണാവസ്ഥയിലായതിനെ തുടർന്നാണ് പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ കെട്ടിടം പൊളിക്കാൻ കരാർ നൽകിയത്.

## Article Content

**കുറ്റ്യാടി:[**നക്സൽ ആക്രമണം ഉൾപ്പെടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കുറ്റ്യാടി പൊലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നു. ഏത് നിമിഷവും തകർന്നു വീഴാവുന്ന ജീർണാവസ്ഥയിലായതിനെ തുടർന്നാണ് പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ കെട്ടിടം പൊളിക്കാൻ കരാർ നൽകിയത്.

1969 ഡിസംബർ 18നാണ് കുറ്റ്യാടിയെ വിറപ്പിച്ച ആ ചരിത്ര സംഭവം നടക്കുന്നത്. പതിനഞ്ചോളം വരുന്ന നക്സൽ സംഘം അർദ്ധരാത്രിയോടെ സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. മഴുകൊണ്ട് വാതിൽ കുത്തിപ്പൊളിച്ച അക്രമികൾ, ജനലിലൂടെ അകത്തേക്ക് നാടൻ ബോംബുകൾ എറിഞ്ഞു.

ബോംബേറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ പ്രഭാകരന്റെ കൈ തകർന്നു. ഇതിനിടെ പാറാവിലുണ്ടായിരുന്ന പൊലീസുകാരൻ നടത്തിയ തിരികെ വെടിവെപ്പിൽ നക്സൽ സംഘത്തിലുണ്ടായിരുന്ന പെരുവണ്ണാമുഴി വേലായുധൻ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.

സ്റ്റേഷനിലെ ആയുധങ്ങൾ കവരുക, തുടർന്ന് കുടിയാന്മാരെ ഉപദ്രവിക്കുന്ന ജന്മിമാരുടെ വീടുകൾ ആക്രമിച്ച് പണം കവർന്ന് വയനാട്ടിലെ നിർധനരായ ആദിവാസികൾക്ക് വീതിച്ചുനൽകുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പിന്നീട് വ്യക്തമായി.

സംഭവത്തിൽ പങ്കെടുത്ത മുഴുവൻ പ്രതികളും പിന്നീട് വിവിധ സ്ഥലങ്ങളിൽ നിന്നായി പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. അന്ന് ആക്രമണത്തിൽ പങ്കെടുത്തവരിൽ പാലേരി തോട്ടത്താങ്കണ്ടി സി.എച്ച്. കടുങ്ങോൻ (83) മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്.

പഴയകാല പ്രക്ഷോഭ ചരിത്രത്തിന്റെ തിരുശേഷിപ്പായി പൈതൃക സ്മാരകം പോലെ ഇത്രയും കാലം സംരക്ഷിച്ചുപോന്ന ഈ കെട്ടിടം ഓർമയാകുന്നതോടെ ഒരു വലിയ ചരിത്ര അധ്യായത്തിനാണ് കുറ്റ്യാടിയിൽ തിരശ്ശീല വീഴുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376497/kuttiadi-police-station-demolished-1969-naxal-attack-building-NEW)