---
title: "പെരുമഴയിൽ വിറച്ച് മലയോരം: കുറ്റ്യാടിയിൽ ജനവാസം ദുസ്സഹം; റിലീഫ് ക്യാമ്പുകൾ സജ്ജമാക്കി അധികൃതർ"
english_title: "Kuttiady Heavy Rain Flood Damage Kerala-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376119/kuttiady-heavy-rain-flood-damage-new"
published_at: "2026-08-02T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ed48fa6b17_kuttiady-heavy-rain-flood-damage.jpg"
keywords: ["Kuttiadi", "RAIN", "FLOOD", "KERALA", "HOUSE"]
---

# പെരുമഴയിൽ വിറച്ച് മലയോരം: കുറ്റ്യാടിയിൽ ജനവാസം ദുസ്സഹം; റിലീഫ് ക്യാമ്പുകൾ സജ്ജമാക്കി അധികൃതർ

> **Lead Summary:** **കുറ്റ്യാടി:**[തൊട്ടിൽപ്പാലം, കടന്തറ പുഴകളിൽ മഴവെള്ളപ്പാച്ചിൽ രൂക്ഷമായതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, വേളം, കാവിലുംപാറ, കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

## Article Content

**കുറ്റ്യാടി:**[തൊട്ടിൽപ്പാലം, കടന്തറ പുഴകളിൽ മഴവെള്ളപ്പാച്ചിൽ രൂക്ഷമായതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, വേളം, കാവിലുംപാറ, കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

കാവിലുംപാറ പഞ്ചായത്തിലെ തെക്കേലക്കണ്ടി അങ്കണവാടിയിലും വെള്ളം കയറി. പതിനഞ്ചാം വാർഡ് ചോയിച്ചുണ്ടിലെ മൂന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുറ്റ്യാടി ചുരത്തിലും ശക്തമായ മഴ തുടരുകയാണ്.

മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരുതോങ്കര പഞ്ചായത്തിലെ പുതുശേരിയിൽ ദിവ്യ രാജീവിന്റെയും, കാലാവരിക്കോളിയിൽ കടയം വലിയത് രാജന്റെയും കണ്ണന്റെയും വീടുകളുടെ മതിലുകൾ തകർന്നു. കുന്നേൽ തെക്കേതിൽ ലമേശിന്റെ മതിലും തകർന്നിട്ടുണ്ട്.

പട്ടശേരി ജോയിയുടെ വീടിനു മുകളിൽ കവുങ്ങ് പൊട്ടിവീഴുകയും, നെച്ചോളിയിൽ ഗിരീഷിന്റെ വീടിന്റെ കിണർ ഇടിഞ്ഞുതാഴുകയും ചെയ്തു. കുറ്റ്യാടി പഞ്ചായത്തിലെ കുഞ്ഞിപ്പറമ്പത്ത് കെ.പി. വത്സന്റെ വീട്ടുമതിൽ പൂർണമായും ഇടിഞ്ഞ് അയൽവാസിയായ ചാലിക്കണ്ടി അഷ്റഫിന്റെ വീട്ടുവളപ്പിലേക്ക് വീണു.

വൈദ്യുതി ലൈനുകളിൽ മരം കടപുഴകി വീണതിനെ തുടർന്ന് പലയിടത്തും വൈദ്യുതിബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിത്താമസിപ്പിക്കാൻ നെല്ലിക്കുന്ന് ഷെൽട്ടർ സജ്ജമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376119/kuttiady-heavy-rain-flood-damage-new)