#Latest News #Kutyadi #Waste Dumping
കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കപ്പാപാലത്തിൽ സാമൂഹ്യവിരുദ്ധർ തോട്ടിലേക്ക് അറവുശാലാ മാലിന്യം തള്ളിയതായി പരാതി. രാത്രിയുടെ മറവിലാണ് ദേവർകോവിലിന് സമീപമുള്ള പാലത്തിന് താഴെ മാലിന്യം തള്ളിയത്.
നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ദിവസേന കടന്നുപോകുന്ന പ്രദേശമാണിത്. മാലിന്യം തള്ളിയതിനെ തുടർന്ന് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തോട്ടിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പാലത്തിന്റെ പരിസരം കാടുമൂടിക്കിടക്കുന്നത് മാലിന്യം തള്ളുന്നവർക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്.
സംഭവത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് പാലത്തിന്റെ പരിസരത്തെ കാട് വെട്ടിത്തെളിക്കണമെന്നും, സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Content Highlight: Complaint about slaughterhouse waste being dumped into the stream at Kappapalam, Kuttiyadi















































