---
title: "നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്"
english_title: "Dengue fever spreading in Naripatta; Health Department to take strict legal action"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364280/dengue-fever-spreading-in-naripatta-health-department-to-take-strict-legal-action"
published_at: "2026-06-06T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23ef342b5f3_Health_Department_to_take_strict_legal_action.jpg"
keywords: ["Latest News", "Narippatta", "Dengue Alert", "Public Health"]
---

# നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

> **Lead Summary:** നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങുവാൻ ആരോഗ്യവകുപ്പ് നിർബന്ധിതമാകുന്നു. മഴക്കാല പൂർവ്വ ശുചീകരണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ ഇതിനകം തന്നെ ശുചീകരണം നടത്തിയിരുന്നു.

## Article Content

നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങുവാൻ ആരോഗ്യവകുപ്പ് നിർബന്ധിതമാകുന്നു. മഴക്കാല പൂർവ്വ ശുചീകരണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ ഇതിനകം തന്നെ ശുചീകരണം നടത്തിയിരുന്നു.

വീടുകളും ഉടമസ്ഥതയിലുള്ള പ്രദേശങ്ങളും ശുചീകരണം നടത്തുവാനും കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാൻ ഡ്രൈ ഡേ ആചരിക്കുവാനും നിർദ്ദേശവും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും വാർഡുകൾ തോറും സംഘടിപ്പിച്ചിരുന്നുവെങ്കിലും ചില വീട്ടുകാർ രോഗപ്രതിരോധ പ്രവർത്തനങ്ങളോട് നിസംഗത പുലർത്തിയതിനാൽ വർദ്ധിച്ചുവരുന്ന കൊതുക് ജന്യ രോഗമായ ഡെങ്കിപ്പനി ഫലപ്രദമായി നിയന്ത്രിക്കുവാൻ കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുവാൻ ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നു.

സ്ഥാപനത്തിന്റെയോ വീടിന്റെയോ പരിസരങ്ങളിലോ, ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലോ കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കുന്നത് 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപവരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.പ്രദോഷ് കുമാർ.എം അറിയിച്ചു. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും, ശനിയാഴ്ചകളിൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും, ഞായറാഴ്ചകളിൽ മുഴുവൻ വീടുകളിലും കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്താൻ ഡ്രൈ ഡേ ആചരിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്കുമാർ.പി അറിയിച്ചു.

തിങ്കളാഴ്ച മുതൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥർ അടങ്ങിയ സ്‌ക്വാഡ് വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് പകർച്ചവ്യാധികൾക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പൊതുജന ആരോഗ്യ നിയമപ്രകാരവും നടപടികൾ കൈക്കൊള്ളാനും ആണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364280/dengue-fever-spreading-in-naripatta-health-department-to-take-strict-legal-action)