Jan 19, 2022 05:38 PM

കുറ്റ്യാടി : സനാദനവാനുള്ള മോഹവുമായി ജാവേദ്‌ വീണ്ടും വന്നു കാസിം മാസ്റ്ററേയും കുടുംബത്തേയും തേടി.ആ പരിലാളനയുടെ തലോടലേൽ വീണ്ടും അനുഭവിച്ച് അവൻ മടങ്ങി .

ജീവകാരുണ്യ പ്രവർത്തകൻ കാസിം മാസ്റ്ററുടെ നന്മ പങ്കുവെച്ച് സഹദ് പാലോൽ എഴുതിയ കുറിപ്പ് വായിക്കാം.....

കോഴിക്കോട്‌ ജുവൈനൽ ഹോമിലുള്ള അനാഥരായ കുട്ടികൾക്ക്‌ സ്കൂൾ വേനലവധി വന്ന സമയത്ത്‌ മാതാപിതാകളുള്ള കുട്ടികൾക്കെല്ലാം വീട്ടിൽ പോകാൻ അവസരമുണ്ടായപ്പോൾ രക്ഷിതാക്കളാരെന്നറിയാത്ത എവിടെ നിന്നോ ചെറുപ്രായത്തിൽ ജുവൈനൽ ഹോമിലെത്തിയ ജാവേദിനെ കൊണ്ട്‌ പോകാൻ ആരുമുണ്ടായിരുന്നില്ല.

അന്നത്തെ കളക്ടറായിരുന്ന പ്രശാന്ത്‌ ബ്രോ പത്രത്തിൽ കൊടുത്തതറിഞ്ഞ്‌ കാസിം മാസ്റ്റർ ജാവേദിനേയും തേടി ജുവൈനൽ ഹോമിലെത്തി. ആ രണ്ട്‌ മാസം മറ്റ്‌ കുട്ടികളെപ്പോലെ രക്ഷിതാക്കളുടെ തലോടൽ നൽകാനും ആ ഇളം മനസ്സിനെ ചേർത്ത്‌ പിടിക്കാനും കാസിം മാസ്റ്ററും ഭാര്യ സൈനത്താത്തയും മുന്നിട്ടിറങ്ങി.


ആ അവധിക്കാലം തന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ ബാക്കിയാക്കി ആ പതിനൊന്ന് വയസ്സുകാരൻ വീണ്ടും ജുവൈനൽ ഹോമിലേക്ക്‌ മടങ്ങി ജാവേദ്‌ ഇന്ന് വലിയ കുട്ടിയായിരിക്കുന്നു. ജീവിതത്തിൽ നീട്ടി വിളിക്കാൻ ഒരു ഉപ്പയോ ഉമ്മയോ ഇല്ലാത്ത ജാവേദ്‌ ആ വേനലവധിയിൽ വീണ്‌ കിട്ടിയ ഉപ്പയയേം ഉമ്മയേയും തേടി എവിടെയൊക്കെയോ അലഞ്ഞു.

ആ കുഞ്ഞിളം മനസ്സിലെ ഓർമ്മകൾ ചികഞ്ഞ്‌ നോക്കിയപ്പൊ ഒന്ന് മാത്രം അറിയാം എന്റെ ഉപ്പയുടെ പേര്‌ കാസിം മാസ്റ്ററാണെന്ന്. പിന്നീടറിയാവുന്നത്‌ സ്ഥലത്തിന്റെ പേര്‌ തുടങ്ങുന്നത്‌ "കു" എന്ന അക്ഷരത്തിലാണെന്ന്.

കുറ്റ്യാടിയെ തേടി കുറ്റിപ്പുറത്തെത്തി അവിടെയെല്ലാം കാസിം മാസ്റ്ററെ അന്യേഷിച്ചു വീണ്ടും താൻ കണ്ട ബസ്റ്റാന്റും പരിസരവും ഇതല്ല എന്ന് തിരിച്ചറിഞ്ഞ്‌ മറ്റൊരു ദിവസം കുറ്റ്യാടിയിലെത്തി. കുറ്റ്യാടിയും പരിസരവും ഓർമ്മയുടെ താളുകളിൽ മിന്നിത്തിളങ്ങി.

എന്റെ ഉപ്പാനെ ഏത്‌ വിധേനയും കണ്ടെത്തണമെന്ന നിശ്ചയദാർഡ്യത്താൽ അന്ന് കയറിയ പള്ളിയിൽ കേറി കാസിം മാസ്റ്ററെ അന്യേഷിച്ചു. വീട്ട്‌ പേരോ മേൽ വിലാസമോ അറിയാത്തതിനാൽ ഏവരും കൈ മലർത്തി.അന്ന് കുപ്പായമെടുത്ത് കൊടുത്ത തുണിക്കടയിലും കേറി അന്യേഷിച്ചു.

തന്റെ ശ്രമം വിഫലമാവുമോ എന്നവൻ ഭയപ്പെട്ടു. ഒടുവിൽ ഒരു ആമ്പുലൻസ്‌ കണ്ടപ്പോൾ പാലിയേറ്റീവ്‌ രംഗത്തെ സജീവ സാന്നിധ്യമാണെന്റെ ഉപ്പ എന്ന ബോധ്യത്താൽ അവരോട്‌ കൈ നീട്ടിച്ചോദിച്ചു, നിങ്ങൾക്ക്‌ കാസിം മാസ്റ്ററെ അറിയുമോ ...? പ്രതീക്ഷയുടെ പൊൻകിരണമായ്‌ ആ മറുപടിയെത്തി. ഞാൻ വിജാരിക്കുന്ന കാസിം മാസ്റ്ററാണെങ്കിൽ അവരുടെ വിവരങ്ങൾ‌ ഞാൻ സങ്കടിപ്പിച്ച്‌ തരാം എന്നും പറഞ്ഞ്‌ അവരേയും കൂട്ടി അദ്ദേഹം “തണൽ” ഓഫീസിലേക്ക്‌ പോയി.

പാതിരിപ്പറ്റയുള്ള കാസിം മാഷെ കുറിച്ചാണോ താങ്കൾ ചോദിക്കുന്നത്‌ എന്ന് ചോദിച്ചപ്പോൾ തന്നെ ആനന്ദം കൊണ്ടവന്റെ കണ്ണ്‌ നിറഞ്ഞു. അതെ താൻ തേടി ഉപ്പയിലേക്കിനി അധികം ദൂരമില്ലെന്നവൻ തിരിച്ചറിഞ്ഞ ഉടൻ പാതിരിപ്പറ്റയിലേക്കുള്ള വണ്ടി കയറി.

പതിനൊന്നാം വയസ്സിൽ ഓടിക്കളിച്ച ഇടവഴികൾ കണ്ടപ്പോൾ അവൻ തിരിച്ചറിഞ്ഞു അനുവാദം ചോദിക്കാതെ കളിക്കാൻ പോയതിന്‌ അന്ന് ഉമ്മ ചീത്ത പറഞ്ഞ സ്ഥലമെത്തിയിരിക്കുന്നു.. ഒടുവിൽ അവൻ തേടിയെത്തിയ ഉമ്മയേയും ഉപ്പയേയും കണ്ടപ്പോൾ ആനന്ദവും ആവേശവും കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞു.

വാക്കുകൾ പറയാനാവാതെ വാക്കുകൾ വിക്കി. മുഖത്തെ മാസ്ക്കൊന്നഴിച്ചപ്പോൾ പിറക്കാതെ പോയ മകനെ കണ്ട സന്തോഷത്താൽ മാഷ്‌ വാരിപ്പുണർന്നു. ഇന്നവന്‌ പതിനെട്ട്‌ വയസ്സ്‌ കഴിഞ്ഞിരിക്കുന്നു. അവന്റെ സ്വന്തം മാതാപിതാക്കളെ തേടി പോലീസിന്റെ കൂടി സഹായത്താൽ ലക്നൗ മുഴുവൻ കറങ്ങിയിരുന്നു.

ഒരു അഡ്രസ്സോ ഓർമ്മയോ ഇല്ലാത്തതിനാൽ അവന് കണ്ടെത്താനായില്ല. അൽപ്പമെങ്കിലും പരിചയമുള്ള കേരളമാണവന്റെ നാടെന്ന് പറഞ്ഞവൻ തിരിച്ചു പോന്നു. അവന്‌ ഇന്നും എന്നും ഉപ്പാ... ഉമ്മാ... എന്നുറക്കെ വിളിക്കാൻ കാസിം മാഷും സൈനത്തയും മാത്രമേ ഉള്ളൂ എന്ന് ഓർമ്മിപ്പിച്ച്‌ കൊണ്ട്‌ വൈകുന്നേരത്തോടെ അവൻ കോഴിക്കോട്ടേക്ക്‌ മടങ്ങിപ്പോയി...

Seeking the touch of that caress; Javed came back with the desire to become a Sanadan and sought out Qasim Master

Next TV

Top Stories